
ദൈവികമാണ് വിശുദ്ധ ഖുർആൻ. മനുഷ്യന് നൽകപ്പെട്ട നിമിഷം മുതൽ അത് ഹൃദ്യസ്ഥമാക്കുകയും മുഹമ്മദ് നബിﷺയുടെ ജീവിതകാലത്തു തന്നെ എഴുതിവെക്കപ്പെടുകയും ചെയ്ത വിശുദ്ധ ഗ്രന്ഥം. അതിന്റെ ആധികാരികതക്ക് പോറലേൽക്കുകയോ, മനുഷ്യ കൈകടത്തലുകൾക്ക് വിധേയമാവുകയോ ചെയ്തിട്ടില്ല; ഇനി ചെയ്യുകയുമില്ല. കാരണം ‘നമ്മളാണ് ഇതിനെ അവതരിപ്പിച്ചത് നമ്മൾ തന്നെ സംരക്ഷിക്കുകയും ചെയ്യുമെന്ന് (ഹുജറാത്ത് 9) വിശുദ്ധ ഖുർആനിലൂടെ സ്രഷ്ടാവ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഖുർആനും ബൈബിളും താരതമ്യം ചെയ്തു പഠനപര്യവേഷണം നടത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞനും സർജനുമായ ഡോക്ടർ മോറിസ് ബുക്കായി പറയുന്നുണ്ട്, ‘ശാസ്ത്ര പ്രതിഭാസങ്ങളെ സംബന്ധിച്ച് വിശുദ്ധ ഖുർആനിന്റെ പരാമർശങ്ങൾ പൂർണമായും ആധുനികശാസ്ത്രത്തോട് പൊരുത്തപ്പെടുന്നതും അതേവിഷയത്തിൽ വന്ന ബൈബിൾ ശാസ്ത്രീയമായി പൂർണമായും അസ്വീകാര്യവുമാണ്.’ ഈ പഠനത്തിന്റെ ഭാഗമായാണ് “ബൈബിൾ, ഖുർആൻ, ശാസ്ത്രം” എന്ന ഗ്രന്ഥം തന്നെ 1976 മെയ് മാസത്തിൽ പാരിസിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇസ്‌ലാമിന്റെ ശാശ്വത സത്യങ്ങളെ സംബന്ധിച്ച് മാർഗനിർദേശം നൽകാൻ വിശുദ്ധഗ്രന്ഥം ഉപകരിക്കുമെന്ന് ലണ്ടനിലെ കോൺവെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ‘ഖുർആനും ആധുനിക ശാസ്ത്രവും’ എന്ന പ്രമേയത്തിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറയുന്നുണ്ട്. 1976 നവംബർ 9ന് ഫ്രഞ്ച്മെഡിസിൻ അക്കാദമിയിൽ ‘ഖുർആനിലെ ശാരീരിക, ഭ്രൂണ ശാസ്ത്ര വിവരണങ്ങൾ’ എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ മറ്റൊരു പ്രഭാഷണമുണ്ട്. ശാരീരിക ശാസ്ത്രത്തെയും പ്രത്യുൽപാദനത്തെയും സംബന്ധിച്ച് ഖുർആനിലുള്ളതും ആധുനിക ശാസ്ത്രത്തിനുമാത്രം കണ്ടെത്താൻ കഴിഞ്ഞതുമായ ചില ആശയങ്ങൾ ആറാം നൂറ്റാണ്ടിലെ ഒരു ഗ്രന്ഥത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതെങ്ങനെയെന്ന ചോദ്യമാണ് തന്റെ പഠനത്തിന് പ്രചോദനം നൽകിയതെന്ന് അദ്ദേഹം പറയുന്നു.
ഖുർആനിലെ ഓരോ പ്രസ്താവനകളും പരാമർശങ്ങളും മാനുഷിക വിശദീകരണങ്ങൾക്ക് അതീതമാണ്. ഖുർആനിലെ പ്രസ്താവനകളോട് വൈജ്ഞാനികമായി നീതി പുലർത്തുന്ന വിവരണങ്ങൾ ഉൾക്കൊള്ളുന്ന മനുഷ്യ നിർമിതമായ ഒരു ഗ്രന്ഥവുമില്ല എന്നതാണ് യാഥാർത്ഥ്യം. അതിന്റെ ആശയ തലത്തിലേക്കും അർത്ഥ ഗർഭത്തിലേക്കും ഇറങ്ങിച്ചെല്ലുമ്പോഴാണ് ഖുർആൻ ദൈവികമാണെന്നും മനുഷ്യ കഴിവിനെ നിലം പരിശാക്കുന്നതുമാണെന്ന് ബോധ്യപ്പെടുക. ഖുർആനും ബൈബിളും തമ്മിലുള്ള താരതമ്യ പഠനത്തിലൂടെ ഖുർആൻ എത്രമാത്രം ശാസ്ത്രീയ സത്യത്തെ ശരിവെക്കുന്നുവെന്നും ദൈവിക വചനവുമാണെന്ന് നമുക്ക് മനസ്സിലാക്കാം. സൃഷ്ടിപ്പിനെക്കുറിച്ചും ഇതര വിഷയങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ മുഹമ്മദ് ബൈബിൾ വിവരണങ്ങൾ പകർത്തിയതാണെന്ന അവകാശവാദമാണ് പടിഞ്ഞാറ് ഉയർത്തിക്കാണിക്കാറുള്ളത്. ഈ വാദങ്ങളെ പൊളിക്കുന്നതാണ് പ്രപഞ്ചവുമായി ബന്ധപ്പെട്ടുള്ള ഖുർആനിന്റെ പ്രസ്താവനകൾ.
‘ആറു ദിവസങ്ങളിലായി സൃഷ്ടിപ്പ് നടത്തി ഏഴാം ദിവസം ദൈവം വിശ്രമമെടുത്തു’ എന്നാണ് ബൈബിളിന്റെ ഉദ്ധരണി. ക്ഷീണിതനും ദുർബലനുമായ ദൈവത്തെയാണ് ഈ പ്രസ്താവനയിലൂടെ ബൈബിൾ പരിചയപ്പെടുത്തുന്നതെങ്കിൽ ഖുർആൻ തീർത്തും വ്യത്യസ്തമായിട്ടാണ് പ്രപഞ്ചത്തിനെ കുറിച്ച് പറയുന്നത്. ‘നിങ്ങളുടെ നാഥൻ അല്ലാഹു, ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചു (സൂറത്തുൽ അഅറാഫ് /54).’ ഇവിടെ ദിവസങ്ങളെ കുറിക്കാൻ പ്രയോഗിച്ച ‘അയ്യാം’ എന്ന പദം സൂചിപ്പിക്കുന്നത് 24 മണിക്കൂറുകളുള്ള ആറ് ദിവസമല്ല. മറിച്ച് ‘നീണ്ട കാലഘട്ടങ്ങൾ, യുഗങ്ങൾ’ എന്നാണ് അർത്ഥമാക്കുന്നെതന്ന് ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞുവെക്കുന്നുണ്ട്. ബൈബിൾ പ്രസ്താവനക്ക് വിരുദ്ധമായ ഖുർആൻ, ഭൂമിയുടെയും ആകാശങ്ങളുടെയും സൃഷ്ടിപ്പിനെ ‘ഒന്നിനു ശേഷം ഒന്ന്’ എന്ന ക്രമത്തിൽ എടുത്ത് പറയുന്നില്ല എന്നതാണ്. ആകാശങ്ങളുടെ (നാലാം ദിവസം) മുമ്പായി ഭൂമി (മൂന്നാം ദിവസം) സൃഷ്ടിക്കപ്പെട്ടു. ഭൂമി അതിന്റെ നക്ഷത്രമായ സൂര്യനിൽ നിന്നും ഉത്ഭവിച്ചതാണെന്ന വസ്തുത അറിയപ്പെട്ടിരിക്കെ ബൈബിളിന്റെ ഈ പ്രസ്താവന എങ്ങനെയാണ് ശാസ്ത്ര സത്യത്തോട് ഒത്തുപോവുക. എന്നാൽ ഖുർആനിന്റെ പരാമർശം നോക്കുക, ‘ഭൂമിയും ഉന്നത ആകാശങ്ങളും സൃഷ്ടിച്ചവനാണവൻ (സൂറത്തു ത്വഹാ/04 ).’ യഥാർത്ഥത്തിൽ ഭൂമിയും ആകാശങ്ങളുടെയും പരിണാമങ്ങൾ സമാനകാലങ്ങളിൽ സംഭവിച്ചു എന്ന് ഈ പരാമർശങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. പ്രഥമഘട്ടത്തിൽ നെബുല, പിന്നീട് വിഘടനത്തിന്റെ പ്രാരംഭ പ്രത്യാഗമായ പിണ്ഡം, അവയുടെ വിഭജനഫലമായി ഗ്യാലക്സികളും അവയിൽ നിന്ന് നക്ഷത്രങ്ങളും നക്ഷത്രങ്ങളിൽ നിന്ന് ഗ്രഹങ്ങളും രൂപം പൂണ്ടു എന്ന ശാസ്ത്ര സത്യത്തെ ശരിവെക്കുന്നതാണ് ഖുർആനിന്റെ ഈ പ്രസ്താവന. അതിനപ്പുറം ആകാശഭൂമികൾ മൊത്തം വാതകാവസ്ഥയിൽ സ്ഥിതി ചെയ്തിരുന്നതായും അവ പരസ്പരം ഒട്ടിച്ചേർന്നതായും (റത്ഖ് ) പിന്നീട് വേർപ്പെട്ടതാണെന്നതിലേക്കും ഈ സൂക്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. വസ്തുതകൾ ഇതായിരിക്കെ ഖുർആൻ ആശയങ്ങൾ ബൈബിളിൽ നിന്ന് പകർത്തിയതാണെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുന്നത്? അറേബ്യൻ നാടുകളിൽ ശാസ്ത്രം വികാസം പ്രാപിക്കാത്ത കാലത്താണ് ഖുർആൻ ജ്യോതിശാസ്ത്രപരമായ പരാമർശങ്ങൾ നടത്തുന്നത്.
ഇസ്ലാമിക നാഗരിതയുടെ അത്യുന്നതാവസ്ഥയിൽ ആർചിതമായിരുന്ന ശാസ്ത്രവിജ്ഞാനങ്ങൾക്ക് പോലും ഖുർആൻ പ്രസ്താവനകളോട് കിടപടിക്കുന്ന ആശയങ്ങൾ ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് സത്യം. സൂര്യനും ചന്ദ്രനും ആകാശത്തുനിന്ന് ഭിന്നമായി പ്രകാശിക്കുന്ന രണ്ട് ഗോളങ്ങളായിട്ടാണ് ബൈബിൾ വിവരിക്കുന്നത്. എന്നാൽ ഖുർആൻ അതിൽ നിന്ന് വിഭിന്നമായി വ്യത്യസ്ത വിശേഷണങ്ങൾ നൽകുന്നതായി കാണാം. ചന്ദ്രനെ നൂർ (പ്രകാശം) എന്നും സൂര്യനെ ‘സിറാജ്’ (വിളക്ക് ) എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഒന്നാമത്തെ പ്രകാശത്തെ പ്രതിഫലിപ്പിക്കുക മാത്രം ചെയ്യുമ്പോൾ രണ്ടാമത്തെ നിരന്തരമായ ജ്വലനത്തിലൂടെ ചൂടും വെളിച്ചവും ഉൽപാദിപ്പിക്കുക കൂടി ചെയ്യുന്നു. നക്ഷത്രത്തെയും പ്രത്യേക വിശേഷം ഉപയോഗിച്ചാണ് ഖുർആൻ വിവരിക്കുന്നത്. അന്ധകാരത്തിൽ സ്വയം ജനിച്ച് നശിക്കുന്ന അസ്തിത്വം ‘ഥാഖിബ്’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ‘കൗകബ്’ എന്ന പദം പ്രകാശം ഉല്പാദിപ്പിക്കാത്ത, പ്രകാശത്തെ പ്രതിഫലിപ്പിക്കുക മാത്രം ചെയ്യുന്ന ഗോളങ്ങളെ സൂചിപ്പിക്കുന്നു. ഇങ്ങനെ ഓരോ പദപ്രയോഗങ്ങളിലൂടെ തന്നെ അതിന്റെ പ്രോഗങ്ങളെ കൃത്യമായി വരച്ചിടുകയാണ് വിശുദ്ധ ഖുർആൻ. ആകർഷണ ശക്തികൊണ്ട് നിർമിത സഞ്ചാരപഥങ്ങളിൽ ബന്ധിതമായ ആകാശ ഗോളങ്ങൾ ചലിക്കുന്നു എന്ന കാര്യം ഇന്ന് പരക്കെ അറിയപ്പെട്ടതാണ്. സൂറത്തുൽ അമ്പിയാഇൽ ഖുർആൻ ഉദ്ഘോഷിക്കുന്നത് ഇത് തന്നെയാണ്. ‘രാത്രിയെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചവനാണവൻ. അവ ഓരോന്നും ഓരോ പഥങ്ങളിൽ ചലിച്ചു കൊണ്ടേയിരിക്കുന്നു (അമ്പിയാഅ് /33 ).’ ചലിക്കുന്നു എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന അറബി പദം ‘സബഹ’ എന്നാണ്. ചലിക്കുന്ന ഏതൊരു വസ്തുവിന്റെയും ചലനത്തെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിക്കുന്നു. ആകാശ ഗോളങ്ങളുടെ കാര്യത്തിൽ സ്വന്തം ചലനം കൊണ്ട് സ്വയം സഞ്ചരിക്കുന്ന എന്ന പരിഭാഷയായിരിക്കും മൂലത്തോട് നീതി ചെയ്യുന്നത്. രാവും പകലും തുടർച്ചയായി സംഭവിക്കുന്നത് ആധുനിക സാങ്കേതിക ശൈലിയിൽ ഖുർആൻ വിവരിക്കുന്നത് വളരെയേറെ പ്രാധാന്യം അറിയിക്കുന്നതാണ്.
അസ്സുമർ അധ്യായത്തിലെ സൂക്തം 5 ൽ പകൽ രാത്രിയെയും രാത്രി പകലിനെയും ചുറ്റുന്നതിന് ഉപയോഗിച്ച പദം ‘കവ്വറ’ എന്നതാണ്. ശിരോവസ്ത്രം ചുറ്റുന്നത് പോലെയുള്ള ചുറ്റലാണ് ഈ പദം അർത്ഥമാക്കുന്നത്. ഇത് വളരെയേറെ പ്രസക്തമായ ഉപമയാണ്. ഖുർആൻ അവതരിപ്പിക്കുന്ന കാലത്ത് ഇത് സംബന്ധിച്ച് ജ്യോതിശാസ്ത്ര രഹസ്യങ്ങൾ അറിയപ്പെട്ടിരുന്നില്ല എന്നതാണ് അതിശയം. ആകാശങ്ങളുടെ പരിണാമങ്ങളെക്കുറിച്ചും സൂര്യന്റെ നിർമിത സ്ഥാനത്തെക്കുറിച്ചും ഖുർആനിൽ പരാമർശമുണ്ട്. ആധുനിക വിജ്ഞാനത്തിന്റെ വിശദാംശങ്ങൾ പോലും യോജിക്കുന്ന വിധമാണ് പ്രപഞ്ചത്തിന്റെ വികാസത്തെക്കുറിച്ച് ഖുർആൻ പ്രതിപാദിക്കുന്നത്. മനുഷ്യൻ ശൂന്യാകാശത്തേക്ക് കടക്കുന്നതിനെ കുറിച്ചുള്ള സൂചനയും ഖുർആനിൽ കാണാം. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ അത്ഭുതകരമായ പുരോഗതിയുടെ ഫലമായി ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യന് കഴിഞ്ഞു. ഇത് സൂറത്തു റഹ്മാൻ 33-ാം വചനത്തിൽ നിന്നും വ്യക്തമായി ബോധ്യപ്പെടുന്നതാണ്. ‘ജിന്നുകളുടെയും മനുഷ്യരുടെയും വർഗമേ ആകാശ മണ്ഡലങ്ങളിലേക്ക് നുഴഞ്ഞുകയറാൻ സാധിക്കുമെങ്കിൽ നുഴഞ്ഞു കയറുക, നമ്മുടെ അധികാരം കൂടാതെ നിങ്ങൾക്ക് ഒരിക്കലും അത് സാധ്യമല്ല (റഹ്മാൻ 33). പ്രകൃതിയിലെ ജലപരിവൃത്തിയെ സംബന്ധിച്ച് വിശദമായ സൂചന ഖുർആനിലുണ്ട്. അല്ലാഹു ആകാശത്തു നിന്ന് വെള്ളം ഇറക്കി ഭൂമിയിൽ ഉറവകളാക്കിയത് എങ്ങനെയാണെന്ന് നിങ്ങൾ കാണുന്നില്ലയോ (സുമർ 21). ഇത് സർവ്വസാധാരണമാണെന്ന് തോന്നിപ്പിക്കുമെങ്കിലും പതിനാറാം നൂറ്റാണ്ടിൽ ബർണാഡ് പാലിസ്സി പ്രകൃതിയിലെ ജലപരിവൃത്തിയെ കുറിച്ച് അംഗീകൃത വിവരണങ്ങൾ നൽകുന്നതുവരെ ഇതിനെക്കുറിച്ചുള്ള പൊതുധാരണകൾ പലതായിരുന്നു. മഴ വർഷിച്ച് ഭൂമിയിലേക്ക് കുമിഞ്ഞിറങ്ങുന്ന വെള്ളമാണ് ഉറവകൾക്ക് ജലം നൽകുന്നതെന്ന് തിരുത്തിയത് അദ്ദേഹമായിരുന്നു. ഭൂഗർഭ ശാസ്ത്രത്തിൽ അടുത്തകാലത്തായി ലഭ്യമായ ഒരു അറിവാണ് മലകൾ രൂപം പ്രാപിച്ചത് ഭൂമടക്കുകളിൽ നിന്നാണെന്ന്. ഉറച്ച പുറംതോട് പോലെ നമുക്ക് ജീവിക്കാൻ പാകത്തിന് രൂപപ്പെട്ട ഉപരിതലം ചൂടുപിടിച്ചതും ഒരുതരത്തിലുള്ള ജീവനെയും പൊറുപ്പിക്കാത്തതുമായ ആന്തരികതലവുമാണ്. ഇവകളെല്ലാം പർവ്വതങ്ങളുടെ സുസ്ഥിര ഭൂമടക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. പർവതങ്ങൾക്ക് അസ്ഥിവാരമായി വർത്തിക്കുന്നതും ഈ ഭൂമടക്കുകളാണ്. വിശുദ്ധമായ ഖുർആൻ ഇതിനെ സൂചിപ്പിക്കുന്നത് കാണുക ‘ഭൂമിയെ നാം വിശാലമാക്കിയില്ലേ പർവ്വതങ്ങളെ ആണികളാക്കിയില്ലേ (സൂറത്തു നബഅ് 6-7)’. ആണികളെ സൂചിപ്പിക്കാൻ പ്രയോഗിച്ച ‘ഔതാദ് ‘ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് കൂടാരം ഉറപ്പിക്കുന്നതിനു വേണ്ടി ഭൂമിയിൽ ആഴ്ത്തുന്ന കൂർത്ത മുനകളോട് കൂടിയ തൂണുകളാണ്. പർവതങ്ങൾ ഉറപ്പുനൽകാൻ ഭൂഗർഭത്തിൽ വർത്തിക്കുന്ന ഭൂമടക്കുകൾക്കൊക്കെ ഏറ്റവും യോജിച്ച പ്രയോഗമാണ് ഖുർആൻ പ്രയാഗിച്ചത് എന്നോർക്കുക. ആകാശങ്ങൾക്കും ഭൂമിക്കുമിടയിലുള്ള ഒരു ഇടനില (Intermediary) യെക്കുറിച്ചു പരാമർശമുണ്ട്. “ആകാശഭൂമികളെയും അവക്കിടയിലുള്ളതിനെയും സൃഷ്ടിച്ച അല്ലാഹു ഏകനാണ്”(സൂറത്തുൽ ഫുർഖാൻ 59). വ്യവസ്ഥാപിതമായ ജ്യോതിമണ്ഡലങ്ങൾക്കിടയിൽ സവിശേഷമായ പദാർഥ സഞ്ചയത്തിന്റെ ഇടനിലങ്ങൾ (Bridges) ഉള്ളതായി പ്രഖ്യാപിക്കുന്ന ആധുനിക കണ്ടുപിടിത്തങ്ങളോട് യോജിക്കുന്നതാണ് ഈ പ്രസ്താവന. ജന്തുജാലങ്ങളെക്കുറിച്ചും സസ്യ ജാലകങ്ങളെക്കുറിച്ചും സവിശേഷമായ പരാമർശങ്ങൾ വിശുദ്ധമായ ഖുർആനിൽ കാണാം. ജീവനുള്ള വസ്തുക്കളെ നാം വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു എന്ന ആധുനിക ആശയത്തോടെ യോജിക്കുന്നതാണ് സൂറത്തു അമ്പിയാഇലെ 30-ാം വചനം. സസ്യങ്ങളുടെ ഉൽപാദനത്തെപ്പറ്റിയുള്ള വിശുദ്ധ ഖുർആനിന്റെ പരാമർശം നോക്കുക. ‘ആകാശത്തുനിന്നും നാം ജലം ഇറക്കി, അങ്ങനെ നാം ഇണകളായി സസ്യങ്ങളെ സൃഷ്ടിച്ചു ഓരോന്നും പരസ്പരം വ്യത്യസ്തമാണ് (സൂറത്തു ത്വഹ 53)എല്ലാ ഫലവർഗങ്ങളിലും അല്ലാഹു ഇണകളെ ഒരുക്കിയിരിക്കുന്നു (സൂറത്തു റഅ്ദ് 3). സസ്യങ്ങളിൽ ആൺ – പെൺ വിഭവങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാൻ മാത്രം മുത്ത് നബിയുടെ കാലത്തെ സസ്യശാസ്ത്രം പുരോഗതി പ്രാപിച്ചിട്ടില്ലാത്ത സമയത്താണ് ഈ വാചകം എന്നോർക്കുമ്പോഴാണ് ഖുർആൻ എത്രമാത്രം അത്ഭുതം നിറഞ്ഞതാണെന്ന് ബോധ്യപ്പെടുക. ജന്തുക്കളുടെ പ്രത്യുൽപാദനത്തെക്കുറിച്ചും മനുഷ്യന്റെ പ്രത്യുൽപാദനത്തെക്കുറിച്ചും ഖുർആനിൽ വിവരണമുണ്ട്.
ജന്തു ശരീരത്തിൽ പാൽ രൂപപ്പെടുന്നതിന്റെ സ്വഭാവം ആധുനിക വിജ്ഞാനങ്ങളോട് യോജിച്ചവിധം ഖുർആൻ വിവരിക്കുന്നുണ്ട്.’തീർച്ചയായും കന്നുകാലികളിൽ നിങ്ങൾക്ക് പാഠമുണ്ട്, അവയിൽ നിന്ന് നിങ്ങൾക്ക് കുടിക്കാനുള്ള പാനീയം നാം നൽകുന്നു, കുടൽ പദാർത്ഥങ്ങളുടെയും രക്തത്തിന്റെയും ഇടയിൽ വരുന്ന ശുദ്ധമായ പാലാണത് (സൂറത്തുന്നഹ്ൽ 66).’ കുടലിൽ, ഭക്ഷണത്തിൽ നിന്നും വേർതിരിക്കപ്പെടുന്ന പോഷക ഘടകങ്ങൾ സങ്കീർണമായ ഒരു പ്രക്രിയയിലൂടെ രക്തപ്രവാഹത്തിൽ ചേരുന്നു. രക്തം ഈ ഘടകങ്ങളെ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് എത്തിക്കുന്നു. മാതാവിന്റെ ശരീരത്തിൽ പാൽ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികളിലേക്കും അങ്ങനെ പോഷകങ്ങൾ എത്തിക്കുന്നു. കുടലിൽ നിന്നുള്ള ചില ഘടകങ്ങൾ കുടൽ ചർമങ്ങളിലെ അറകളിൽ തന്നെ രക്തം വഴി എത്തിച്ചേരുന്ന ഈ അത്ഭുതമാണ് ഈ സൂക്തത്തിലൂടെ വ്യക്തമാക്കുന്നത്.
മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ചുള്ള ഖുർആനിന്റെ അവതരണം വലിയ അത്ഭുതത്തോടെയാണ് ശാസ്ത്ര ലോകം നോക്കികാണുന്നത്. പ്രത്യുൽപാദന ബീജത്തെ കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ, ബീജത്തിന്റെ സങ്കീർണത, ഉൽപാദനത്തിന് വളരെ ചെറിയ ഒരംശം മതിയെന്ന വസ്തുത ഇതെല്ലാം വിശുദ്ധ ഖുർആനിൽ പരാമർശമുണ്ട് . ‘ഒരു കണമായിരുന്നില്ലേ ഇവൻ’ എന്ന ചോദ്യം സൂറത്തുൽ ഖിയാമയിൽ നാഥൻ ഉന്നയിക്കുന്നുണ്ട്. ‘നുത്ഫത് ‘ എന്നത് സ്കലനത്തിലൂടെ പുറത്തുവരുന്ന ശുക്ലത്തിലെ ലക്ഷക്കണക്കിന് ബീജാണുക്കളിലെ ഒരു കണം എന്നാണ് അർത്ഥമെന്ന് ഇമാം റാസി വിശദീകരിക്കുന്നുണ്ട്. ആർത്തവ രക്തം കട്ടപിടിച്ചാണ് കുട്ടി ഉണ്ടാകുന്നത് എന്ന അരിസ്റ്റോട്ടിൽ തിയറി വിശ്വസിച്ചിരുന്ന ലോകത്തോടാണ് ഖുർആൻ ഈ പ്രഖ്യാപനം നടത്തുന്നത്. മനുഷ്യനെ നാം സൃഷ്ടിച്ചത് ഉമ്മയുടെ അണ്ഡവുമായി കൂടി കലർന്ന സിദ്ധാന്തത്തിൽ നിന്നാണ് എന്ന് സൂറത്തുൽ ഇൻസാനിൽ അല്ലാഹു വ്യക്തമാക്കുന്നുണ്ട്. കുട്ടിയുടെ ജനനത്തിന്റെ ബാക്കിയുള്ള ഓരോ ഘട്ടവും സൂറത്തുൽ മുഅ്മിനൂനിൽ അല്ലാഹു പ്രത്യേകം ഉണർത്തുന്നുണ്ട്. ‘ഒട്ടിപ്പിടക്കുന്ന ഒന്നിൽ നിന്ന് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു’ (സൂറത്തുൽ അലഖ് 2). ഇവിടെ ‘അലഖ്’എന്ന് പ്രയോഗം കൊണ്ട് ഒട്ടിപ്പടിക്കുന്നത്, തൂങ്ങിപ്പിടിക്കുന്നത് എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. ഭ്രൂണത്തിന്റെ വളർച്ചയുടെ ഘട്ടങ്ങൾ വളരെ സംക്ഷിപ്തമായി, വസ്തുനിഷ്ഠമായി ഖുർആൻ വിവരിക്കുന്നത് കാണാം. ‘ഒറ്റപ്പെടുത്തുന്ന ഒന്നിൽ നിന്ന് നാം ചതഞ്ഞ മാംസരൂപമാക്കി, ചതഞ്ഞ മാംസത്തിൽ നിന്നും എല്ലുകൾ രൂപപ്പെടുത്തി, എല്ലുകളെ നാം മാസം കൊണ്ട് പൊതിഞ്ഞു, അനന്തരം അവനെ തികച്ചും മറ്റൊരു സൃഷ്ടിയാക്കി വളർത്തിയെടുത്തു, അല്ലാഹു വളരെ അനുഗ്രഹമുടയവൻ തന്നെ(സൂറത്തുൽ മുഅ്മിനൂൻ 14). ഇവിടെ ചതഞ്ഞ മാംസം എന്നർത്ഥം വരുന്ന ‘മുള്അ’ എന്ന പ്രയോഗം ഭ്രൂണ വളർച്ചയുടെ ഘട്ടത്തിലുള്ള ഒരു പ്രത്യേക അവസ്ഥയെ കൃത്യമായി സൂചിപ്പിക്കുന്നു. എല്ലുകൾ ഉൾഭാഗത്ത് രൂപപ്പെടുമ്പോൾ മാംസപേശികൾ അതിനെ പൊതിയുന്നു. ലഹ്‌മ് എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ഇതാണ്. ഭ്രൂണം ഒരു ഘട്ടം പിന്നിടുമ്പോൾ ചില ഭാഗങ്ങൾ ആനുപാതികമായും മറ്റു ചില ഭാഗങ്ങൾ ആനുപാതികമല്ലാതെയും വളരുന്നതായി കാണുന്നു. ‘മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത് രൂപം കൊണ്ടതും അല്ലാത്തതുമായ ഒട്ടിപ്പിടിക്കുന്ന മാംസപിണ്ഡത്തിൽ നിന്നാണ്’ (സൂറത്തുൽ ഹജ്ജ് 05) എന്ന ഈ വചനം അതിനെയാണ് സൂചിപ്പിക്കുന്നത്.
പഞ്ചേന്ദ്രിയങ്ങളെ കുറിച്ചും വിശുദ്ധമായ ഖുർആനിൽ പരാമർശമുണ്ട്. അല്ലാഹു നിങ്ങൾക്ക് കേൾവിയും കാഴ്ചയും ഹൃദയവും നൽകി (സൂറത്തു സജദ 9). വിശുദ്ധമായ ഖുർആനിൽ മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് എന്നതിനെ കുറിച്ചുള്ള നിരവധി ആയത്തുകൾ കാണാം. ഇത് ശാസ്ത്രീയ കണ്ടുപിടുത്തത്തെ ശരിവെക്കുന്നതാണ്. മനുഷ്യനെ നാം മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് (മുഅ്മിൻ 23). എല്ലും മാംസവും രക്തവും കൂടിയ മനുഷ്യ ശരീരം, കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ നിന്നാണ് വികസിക്കുന്നത്. 10 വർഷം കഴിയുമ്പോഴേക്കും പഴയ പേശികൾ പൂർണ്ണമായും നശിച്ച് പുതിയ പേശികൾ രൂപപ്പെടും എന്നതാണ് കണ്ടുപിടുത്തം. അങ്ങനെ വരുമ്പോൾ അവൻ കഴിക്കുന്ന അരിയിൽ നിന്നാണ് ശരീരം രൂപപ്പെടുന്നത്. എന്നാൽ ഈ ആഹാരപദാർത്ഥങ്ങൾ മണ്ണിൽ നിന്ന് ലവണങ്ങൾ വലിച്ചെടുത്ത് സസ്യങ്ങളിലൂടെ ഉണ്ടാകുന്നു. ഇതാണ് നാം കഴിച്ച ഭക്ഷണങ്ങളിലൂടെ രൂപപ്പെടുന്ന ശരീരം എന്ന് വരുമ്പോൾ ഖുർആൻ പറഞ്ഞ പ്രസ്താവനകൾ എത്രമാത്രം ശാസ്ത്രീയ സത്യമാണെന്ന് ബോധ്യപ്പെടും. മനുഷ്യന്റെ നല്ലൊരു ഭാഗവും മണ്ണാണ് മരിച്ചാലും ദ്രവിച്ച് മണ്ണ് തന്നെയാണാകുന്നത്. മരണത്തിന് മുമ്പും ശേഷവുമുള്ള ഒരു രൂപം മാത്രമാണ് മനുഷ്യശരീരം എന്നത്. ‘മനുഷ്യനെ നാം മണ്ണിൽ നിന്ന് സൃഷ്ടിച്ചു മണ്ണിലേക്ക് തന്നെ പ്രവേശിപ്പിച്ചു ഇനി മണ്ണിൽ നിന്നു തന്നെ നാം പുനർ ജീവിപ്പിക്കുകയും ചെയ്യും’ എന്ന സൂറത്ത് ത്വാഹയിലെ 55-ാം വചനം ശാസ്ത്രീയ സത്യത്തെ എത്രമാത്രം അംഗീകരിക്കുന്നതും ശരിവെക്കുന്നതുമാണ്. ഇങ്ങനെ ആധുനിക വിവരങ്ങളുമായി ഈ പ്രസ്താവനകൾ ഏറ്റുമുട്ടാത്തതും അക്കാലത്തെ അബദ്ധധാരണകൾ ഒന്നും കടന്നുകയറാത്തതുമായ പരാമർശങ്ങളാണ് വിശുദ്ധമായ ഖുർആൻ ഉന്നയിക്കുന്നത് എന്നത് തന്നെ ദൈവികമാണെന്നതിനെ തെളിയിക്കുന്നതാണ്. നവീന ശാസ്ത്രജ്ഞന്മാരെ ഖുർആൻ ഒരു കാന്തം പോലെ ആകാർഷിക്കുന്നതിന്റെ പ്രധാന കാരണം തന്നെ ആധുനികശാസ്ത്രം കണ്ടെത്തിയ വസ്തുതകളുമായി പൊരുത്തപ്പെടുന്ന അനേകം സൂചകങ്ങൾ ഖുർആനിൽ ഉണ്ട് എന്നതാണ്. കുറച്ചു നൂറ്റാണ്ടുകളായി ഖുർആനിക പരാമർശങ്ങളുടെ യാഥാർഥ്യം മനസ്സിലാക്കാൻ മനുഷ്യന് കഴിഞ്ഞിരുന്നില്ല. അത് മനസ്സിലാക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ ലഭ്യമായിരുന്നില്ല എന്നത് കൊണ്ട് തന്നെ ആധുനിക കാലത്ത് മാത്രമാണ് ഖുർആൻ പരാമർശിക്കുന്ന പ്രകൃതിദത്തങ്ങൾ മനസ്സിലാക്കാൻ മനുഷ്യൻ കഴിവാർജിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ പെരുകിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക ശാഖകളുടെ തരംതിരിവ് മൂലം സാധാരണ ശാസ്ത്രജ്ഞന് പ്രത്യേക ഗവേഷണ പഠനങ്ങൾ കൊണ്ടല്ലാതെ ഖുർആൻ പൂർണമായി മനസ്സിലാക്കാൻ സാധ്യമായിട്ടില്ല എന്ന് തന്നെ പറയാം. കാരണം ഖുർആനിലെ വചനങ്ങളെ കൃത്യമായി മനസ്സിലാക്കാൻ അനേകം വൈജ്ഞാനിക ശാഖകളിൽ വ്യൂൽപത്തി നേടിയിരിക്കണം. ചുരുക്കത്തിൽ ശാസ്ത്രത്തെയും മതത്തെയും ഇരട്ടപെറ്റ സഹോദരന്മാരായിട്ടാണ് ഇസ്ലാം പരിഗണിക്കുന്നത്. ശാസ്ത്രം ഇത്രയേറെ മഹത്തായ പുരോഗതി കൈവരിച്ച ശേഷവും അവ പരസ്പരം ബന്ധപ്പെട്ടു തന്നെ നീങ്ങുന്നു. ചില ഖുർആനിക പരാമർശങ്ങളെ കൂടുതൽ നന്നായി മനസ്സിലാക്കാൻ ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ പ്രയോജനമായിത്തീരുന്നുണ്ട് എന്നതാണ് വസ്തുത. ശാസ്ത്രീയ കണ്ടെത്തലുകൾ മതവിശ്വാസത്തിന് പ്രേരണ ഏൽപ്പിക്കുന്ന ഈ നൂറ്റാണ്ടിൽ ഇസ്ലാമിക അധ്യാപനങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്താൽ ശാസ്ത്രത്തിന്റെ ചില കണ്ടുപിടിത്തങ്ങളാണ് ദിവ്യ ബോധത്തിന്റെ സ്വഭാവം വെളിവാക്കാൻ സഹായിക്കുന്നതെന്ന് തന്നെ പറയാൻ സാധിക്കും. ശാസ്ത്രത്തെ മാത്രം മൂട് താങ്ങി നടക്കുന്നവർ പോലും അതിന്റെ വിവരണങ്ങളെ കൃത്യമായി മനസ്സിലാക്കാത്തത് കൊണ്ടാണ് ഖുർആനെതിരെ വിമർശനങ്ങൾ ഉന്നയിക്കേണ്ടി വരുന്നത് എന്നതാണ് സത്യം. അല്ലെങ്കിൽ ദിവ്യസന്ദേശം അവർക്കും വെളിച്ചം നൽകുമായിരുന്നു.
എം മഹമൂദ് അസ്‌ലം സഖാഫി ചുങ്കത്തറ


Leave a Reply